Tuesday, August 16, 2011

പ്രൊപ്പഗാന്‍റ മരുന്നുകള്‍ അലോപ്പതിമേഖല കൈയടക്കുന്നു

      
കോഴിക്കോട്: അലോപ്പതി ഔഷധവ്യാപാര രംഗത്ത് 'പ്രൊപ്പഗാന്‍റ' മരുന്നുകള്‍ എന്നറിയപ്പെടുന്ന ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ കേരളത്തിലെ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിയുന്നു. ഇത്തരം മരുന്നുകളുടെ പ്രചാരകര്‍ സംസ്ഥാനത്തെ ചില ഡോക്ടര്‍മാര്‍ തന്നെയാണ്. ഔഷധക്കമ്പനികള്‍ വന്‍വാഗ്ദാനങ്ങളും സമ്മാനങ്ങളും നല്‍കിയാണ് പിന്‍വാതിലിലൂടെ കടന്നുവരുന്ന മരുന്നുകള്‍ വില്‍പ്പന നടത്തുന്നത്.

ആന്‍റിബയോട്ടിക്കുകള്‍ മുതല്‍ വൈറ്റമിന്‍ ഗുളികകള്‍, പ്രോട്ടീന്‍പൗഡറുകള്‍വരെ പല പേരുകളിലായി വിവിധ കമ്പനികള്‍ വിപണിയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരേ ചേരുവകളടങ്ങുന്നതും ഗുണനിലവാരമുള്ളതും അംഗീകൃത മരുന്നു കമ്പനികളുടേതുമായ ഔഷധങ്ങളെക്കാള്‍ ഇരട്ടിയിലധികമാണ് ഇതിന്റെ വില. മരുന്നു വാങ്ങുന്നവരില്‍ ഭൂരിഭാഗത്തിനും ഇതേക്കുറിച്ച് ധാരണയില്ല എന്നതാണ് ഇത്തരം ഔഷധങ്ങളുടെ വില്‍പ്പനയെ സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ സഹായിക്കുന്നത്.

പിന്നാക്ക ജില്ലകളും മലയോര മേഖലയുമൊക്കെയാണ് ഇത്തരം ഔഷധങ്ങളുടെ പ്രധാന വിപണനകേന്ദ്രം. സ്‌കാനിങ്, വിദഗ്ധപരിശോധന എന്നിവയ്ക്ക് വന്‍തുക കമ്മീഷന്‍ പറ്റുന്ന നഗരങ്ങളിലെ ചില ഡോക്ടര്‍മാരെപ്പോലെ സാമ്പത്തികമെച്ചം മാത്രം മുന്നില്‍ കണ്ടാണ് ചില ഡോക്ടര്‍മാര്‍ ഇത്തരം മരുന്നു കമ്പനികളുടെ പ്രചാരകരാവുന്നത്.

സാധാരണ ആന്‍റി ബയോട്ടിക്കുകളായ അമോക്‌സിലിന്‍, ത്രോമൈസിന്‍, ആമ്പിസിലിന്‍ ക്ലോക്‌സസിലിന്‍, കുട്ടികള്‍ക്കുള്ള അമോക്‌സിലിന്‍ കിഡ്, നോര്‍ഫ്ലോക്‌സാസിന്‍, സിപ്‌റോഫ്ലോക്‌സാസിന്‍ തുടങ്ങി എല്ലാത്തരം ആന്‍റി ബയോട്ടിക്കുകള്‍ക്കും വ്യാജനുണ്ട്. പ്രമുഖ അലോപ്പതി മരുന്നു കമ്പനികളുടെ മരുന്നുകളെക്കാള്‍ മൂന്നിരട്ടിയാണ് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില. ഈ മരുന്നുകള്‍ കുറിക്കുന്ന ഡോക്ടര്‍മാര്‍ ചീട്ടിനടിയില്‍ കമ്പനി മാറ്റിക്കൊടുക്കരുതെന്ന് പ്രത്യേകം എഴുതി ചേര്‍ക്കും. ഇത്രമരുന്നുകള്‍ തങ്ങള്‍ വിറ്റുതരാമെന്ന കമ്പനികളുമായുണ്ടാക്കുന്ന കരാറാണ് ഇതിനു പിന്നില്‍.

വ്യക്തമായ മേല്‍വിലാസം പോലുമില്ലാതെ ഔഷധ വ്യാപാര രംഗത്ത് കടന്നെത്തുന്ന ഇത്തരം മരുന്നു കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്. ഇത്തരമൊരു കമ്പനിയുണ്ടാക്കുന്ന സുക്രാല്‍ഫെയിറ്റ് എന്നചേരുവയടങ്ങിയ മരുന്ന് കാലാവധി അവസാനിക്കാന്‍ ഇനിയും ഒരു വര്‍ഷമുണ്ടെങ്കിലും ഉപയോഗ ശൂന്യമായി കുപ്പിക്കുള്ളില്‍ത്തന്നെ പൂപ്പല്‍വന്ന് കട്ടപിടിച്ചു കിടക്കുകയാണ്. ഇത്തരം മരുന്നുകള്‍ പല മെഡിക്കല്‍ഷോപ്പിലുമുണ്ട്. 32002 എന്ന ബാച്ച് നമ്പറില്‍ 2010 ജൂലായിയിലാണ് മരുന്നുണ്ടാക്കിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനിയുടെ തന്നെ ഒട്ടേറെ ഔഷധങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.

സര്‍ക്കാര്‍ ആസ്പത്രികളില്‍ വെറുതെ നല്‍കുന്ന അയേണ്‍ ഗുളിക പുതിയ ചില പേരുകളില്‍ പത്തു ഗുളികകള്‍ക്ക്50 രൂപ ഈടാക്കിയാണ് വില്‍ക്കുന്നത്. പൊതുവെ മരുന്നുകടകള്‍ക്ക് ലാഭം കുറവുള്ള ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നതില്‍ നിന്നും മരുന്നു കടയുടമകളുടെ സംഘടനയായ എ. കെ. സി. ഡി. എ. പിന്‍മാറിയിരുന്നു. എന്നാല്‍ സംഘടന പിളര്‍ന്നതോടെ ഈ തീരുമാനം നടപ്പാകാതെയായി. ഇത്തരം കമ്പനികളുടെ റെപ്രസന്‍േററ്റീവുമാര്‍ മരുന്നുകള്‍ വിറ്റഴിക്കാന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗവും ആരോഗ്യ വകുപ്പും കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 

~~~~~Sreenath Vanmelil

No comments:

Post a Comment