Wednesday, August 31, 2011

ഒറ്റപ്പെടാന്‍ വയ്യ; ലൂയിസ് മാസ്റ്റര്‍ വര്‍ഷം മുഴുവന്‍ തീവണ്ടിയില്‍

 M. Nandakumar to Keralites

 



ഇരിങ്ങാലക്കുട: വാര്‍ധക്യത്തിലെ ഒറ്റപ്പെടലിനെ ലൂയിസ്മാഷ് അതിജീവിച്ചത് ഒരു സീസണ്‍ ടിക്കറ്റിലൂടെ. പത്തുവര്‍ഷംമുമ്പ്, ഭാര്യ മെഴ്‌സിയുടെ മരണശേഷം ഏകാന്തത തോന്നിയപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായത് തീവണ്ടിയാണ്. 88-ാം വയസ്സിലും ദിവസവും ഷൊറണൂരിലേക്ക് വണ്ടികയറും ഒറ്റയ്ക്ക്. ലക്ഷ്യമില്ലാതെ യാത്രയ്ക്കായൊരു യാത്ര. വര്‍ഷത്തില്‍ 365 ദിവസവും തീവണ്ടിയില്‍. അതാണ് ഇരിങ്ങാലക്കുടയിലെ കടുപ്പശ്ശേരി പ്ലാശ്ശേരി വീട്ടില്‍ ലൂയിസിന്റെ ജീവിതം.

എന്തിനെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. ''വടി കുത്തിപ്പിടിച്ചും ചുമച്ച് കട്ടിലില്‍ കിടന്നും വൃദ്ധനായി മരിക്കാന്‍ ഞാന്‍ തയ്യാറല്ല''.

കാലന്‍കുടയും സീസണ്‍ ടിക്കറ്റുമായി രാവിലെ ഒന്‍പതിന് ഇരിങ്ങാലക്കുടയിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ സന്ധ്യയാവും തിരിച്ചെത്താന്‍. നിത്യവും എട്ടുമണിക്കൂര്‍ തീവണ്ടിയാത്ര. ചില ദിവസം തെക്കോട്ട് വണ്ടി കയറും. ആലുവയിലിറങ്ങി, വീണ്ടും ഷൊറണൂരിലേക്ക്. ഷൊറണൂര്‍ സ്റ്റേഷനെയും ലൂയിസ്മാഷിനെയും തീവണ്ടികള്‍ പത്തുവര്‍ഷമായി ബന്ധിപ്പിക്കുന്നു.

ഈ പ്രായത്തിലും അദ്ദേഹത്തിന് തീവണ്ടിയാത്ര ഒരു വികാരമാണ്. സ്ഥിരം യാത്രക്കാരുടെ ഉറ്റ ചങ്ങാതിയാണ്; ലൂയിസ്മാഷിനെ തങ്ങള്‍ക്കൊപ്പമിരുത്താന്‍ ഇവര്‍ക്കിടയില്‍ മത്സരവും. തീവണ്ടിയാത്രക്കാരുടെ കൂട്ടായ്മയായ 'ട്രെയിന്‍ മേറ്റ്‌സ്' കഴിഞ്ഞദിവസം തൃശ്ശൂരില്‍ നടത്തിയ ഓണാഘോഷപരിപാടിയില്‍ വിശിഷ്ടാതിഥിയുമായി ഇദ്ദേഹം.

വൈലോപ്പിള്ളിയുമായുള്ള കൂട്ടുകെട്ട്, വൈലോപ്പിള്ളിയോടൊപ്പം പെണ്ണ് കാണാന്‍ പോയ കഥ, അദ്ദേഹം സമ്മാനിച്ച അമൂല്യവസ്തുക്കള്‍, ബഷീറുമായുള്ള സൗഹൃദം അങ്ങനെ ഒത്തിരിയുണ്ട് 88 വര്‍ഷത്തെ ജീവിതത്തില്‍നിന്ന് അദ്ദേഹത്തിനെടുത്തു പറയാനായി.

പരിചിതമുഖങ്ങളെ ആശ്രയിച്ചുകൊണ്ടുള്ളതല്ല അദ്ദേഹത്തിന്റെ ഒരു യാത്രയും. പല ബോഗികളില്‍ മാറിമാറിക്കയറി, പുതിയ മുഖങ്ങള്‍ പരിചയപ്പെടാനാണ് താത്പര്യം. ''എന്നാലും ഞങ്ങളെപ്പോലുള്ള പരിചയക്കാര്‍ അദ്ദേഹത്തെ തേടിയെത്തും; അത്രയ്ക്കും രസം പകരുന്നതാണ് മാഷിന്റെ സാമീപ്യം.''- തീവണ്ടിയാത്രക്കാരായ ശശിധരന്‍, ഉണ്ണികൃഷ്ണന്‍, ഡോ. ബിജുമോഹന്‍ എന്നിവര്‍ പറയുന്നു.

'ലൂയിസ് ഫാന്‍സ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന യാത്രക്കാര്‍ തങ്ങളുടെ വീട്ടിലെ ആഘോഷങ്ങള്‍ക്ക് ക്ഷണിക്കാറുണ്ട്. പക്ഷേ, അദ്ദേഹം എങ്ങും പോകാറില്ല. തീവണ്ടി കഴിഞ്ഞ് അദ്ദേഹത്തിന് മറ്റൊരു ലോകമില്ല.

തീവണ്ടിയോടു ചേര്‍ന്നുള്ള ജീവിതങ്ങള്‍ക്ക് ലൂയിസ് മാസ്റ്റര്‍ എന്ന പേര് ആവേശമാണ്. ആദ്യമായി കണ്ടുമുട്ടുന്നവര്‍ക്ക് ഒരത്ഭുതവും.

ഷൊറണൂര്‍ സ്റ്റേഷനിലെ കാന്റീനില്‍നിന്ന് എന്നും അദ്ദേഹം ജ്യൂസ് കുടിക്കും. കാന്റീനുകള്‍ അതിനു പകുതി വിലയേ ഈടാക്കാറുള്ളൂ. അദ്ദേഹത്തിന്റെ വിരുന്നുകാരായ സുഹൃത്തുക്കളില്‍നിന്ന് കാന്റീനുകള്‍ ഭക്ഷണത്തിന് വില ഈടാക്കാറുമില്ല.

''ഒരു സപ്ലയര്‍ ആയി മാഷ് എന്നെ കണ്ടിട്ടില്ല. അത്രയ്ക്ക് സ്‌നേഹത്തോടെയാണ് പെരുമാറ്റം. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കദ്ദേഹത്തെ ജീവനാണ്.''- കാന്റീന്‍ ജീവനക്കാരന്‍ ബൈജു പറയുന്നു.

പോര്‍ട്ടര്‍മാര്‍ ഇദ്ദേഹത്തെ കെട്ടിപ്പുണര്‍ന്നാണ് സ്വീകരിക്കുക. ഇരിങ്ങാലക്കുട-ഷൊറണൂര്‍ റൂട്ടിനുമാത്രം പരിചിതനായ 'സെലിബ്രിറ്റി'യാണ് അദ്ദേഹം.

കേരളത്തില്‍ തീവണ്ടിയേക്കാള്‍ 'സോഷ്യല്‍' ആയ ഒരിടം ഉണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. നേര്‍ക്കുനേര്‍ ഇരുന്ന് സംസാരിക്കാം. ഒറ്റപ്പെടലിനെ കീഴ്‌പ്പെടുത്താന്‍ അദ്ദേഹം തീവണ്ടിയെത്തന്നെ തിരഞ്ഞെടുത്തതിന്റെ കാരണമതാണ്. അതിനായി സ്റ്റേഷനിലെ 100 പടികളുള്ള മേല്‍പ്പാലം ഈ പ്രായത്തില്‍ അനായാസം അദ്ദേഹം കയറിയിറങ്ങും.

1945-ല്‍ നെന്മാറ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം കൊടുങ്ങല്ലൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. 79-ല്‍ വിരമിച്ചു. അദ്ദേഹത്തിന്റെ അഞ്ച് മക്കളും വിവാഹിതരാണ്. പേരക്കുട്ടികള്‍ക്ക് മക്കളായി. ആരുടെയും ഒപ്പം കൂടാതെ തറവാട്ടുവീട്ടില്‍ താമസിക്കുന്നതുകൊണ്ട് മക്കള്‍ക്കു സ്വാതന്ത്ര്യത്തോടെ തന്നെ വന്നു കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏവരും തിരക്കുകളിലകപ്പെടുമ്പോള്‍ തന്റെ ഏകാന്തതയോടു മത്സരിക്കാന്‍ ഒരു പുതിയ ലോകം; എല്ലാ തരക്കാരെയും ഉള്‍ക്കൊണ്ട് ചൂളംവിളിച്ചോടുന്ന ലോകം.


നിലീന അത്തോളി


~~~~~Sreenath Vanmelil

No comments:

Post a Comment