Tuesday, August 16, 2011

അങ്ങനെ ഞാനും ലോകസഞ്ചാരിയായി

 M. Nandakumar to Keralites
 
അങ്ങനെ ഞാനും ലോകസഞ്ചാരിയായി  
നിറഞ്ഞൊഴുകുന്ന ഒരു പുഴയും അതില്‍ നീങ്ങുന്ന കുറേ വള്ളങ്ങളുമാണ്‌ ആദ്യ യാത്രയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്‌. കുടുംബാംഗങ്ങളോടൊത്ത്‌ മലയാറ്റൂരിലേക്ക്‌ നടത്തിയ യാത്ര. മൂന്നോ നാലോ വയസ്സുള്ളപ്പോഴാണത്‌. ഒരു പാലത്തിലൂടെ കടന്നുപോകുമ്പോള്‍ അത്‌ കാലടിപ്പാലമാണെന്നും താഴെക്കാണുന്നത്‌ പെരിയാറാണെന്നുമൊക്കെ അച്‌ഛനോ അമ്മയോ പറയുന്നതുകേട്ട നേര്‍ത്ത ഓര്‍മ്മയേയുള്ളൂ. എങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ആദ്യ സഞ്ചാരം അതുതന്നെയാണ്‌. എന്തുകൊണ്ടോ, ചെറുപ്പംമുതലേ സഞ്ചാരം എന്നത്‌ രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ത്വരയായിരുന്നു. ഒരുപക്ഷേ വീടും വളര്‍ന്ന ചുറ്റുപാടുമൊക്കെയാവാം എന്നിലെ സഞ്ചാരിയെ ഉണര്‍ത്തിയെടുത്തത്‌. യാത്രകളെ അത്‌ ചെറുതായാലും വലുതായാലും വീട്ടുകാര്‍ - പ്രത്യേകിച്ച്‌ അച്‌ഛന്‍ - ഒരിക്കലും നിരുത്‌സാഹപ്പെടുത്തിയിരുന്നില്ല. കാണാത്ത നാടുകള്‍ കാണുന്നത്‌ ജീവിതകാഴ്‌ചപ്പാടുകളെ വികസിപ്പിക്കുമെന്നായിരുന്നു അച്‌ഛന്‍െറ അഭിപ്രായം. അതിനാല്‍ സ്‌കൂളില്‍നിന്നുള്ള പഠനയാത്രകളില്‍ മുടങ്ങാതെ പങ്കെടുക്കണമെന്നത്‌ വീട്ടുകാരുടെകൂടി നിര്‍ബന്‌ധമായിരുന്നു. ചെറുപ്പത്തിലെ യാത്രകളെക്കുറിച്ച്‌ രസകരമായ സ്‌മരണകളാണുള്ളത്‌. എന്‍െറ അച്‌ഛന്‍ വി.ജെ. ജോര്‍ജ്‌ കുളങ്ങര അക്കാലത്ത്‌ മരങ്ങാട്ടുപിള്ളി ഗ്രാമത്തില്‍ ഒരു സമാന്തര വിദ്യാഭ്യാസ സ്‌ഥാപനം നടത്തിവന്നിരുന്നു. ആര്‍ട്‌സ്‌ കോളേജ്‌ എന്നായിരുന്നു അതിനു പേര്‌. അന്ന്‌ തീരെ ചെറിയ ഗ്രാമമായിരുന്നു മരങ്ങാട്ടുപിള്ളി. എല്ലാവര്‍ഷവും നവംബര്‍ -ഡിസംബര്‍ മാസമാകുമ്പോള്‍ കോളേജിനു മുന്നില്‍ ഒരു ബോര്‍ഡ്‌ പ്രത്യക്ഷപ്പെടും. അത്‌ ഏതാണ്ടിങ്ങനെയാവും. `ആര്‍ട്‌സ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ വി.ജെ. ജോര്‍ജ്‌ കുളങ്ങരയുടെ നേതൃത്വത്തില്‍ മധുര, കൊടൈക്കനാല്‍ വിനോദയാത്ര ഈ മാസം 20ന്‌ പുറപ്പെടുന്നു. നിങ്ങളുടെ സീറ്റ്‌ ഉടന്‍ ബുക്ക്‌ ചെയ്യുക.' ഈ ബോര്‍ഡ്‌ ഏറ്റവും ആഹ്‌ളാദിപ്പിക്കുക എന്നെയും രണ്ടു സഹോദരിമാരെയുമാണ്‌. കാരണം യാത്രാസംഘത്തില്‍ ഞങ്ങള്‍ക്ക്‌ സീറ്റ്‌ ഉറപ്പാണല്ലോ. ആര്‍ട്‌സ്‌ കോളജിലെ കുട്ടികളും മരങ്ങാട്ടുപിള്ളിയിലെ ചില പ്രമുഖരുമൊക്കെയുണ്ടാകും യാത്രാസംഘത്തില്‍. ബസില്‍ ഡ്രൈവരുടെ സീറ്റിന്‌ ഇടതുഭാഗത്തുള്ള ബാറ്ററിപ്പെട്ടിയുടെ മുകളിലായിരിക്കും ഞങ്ങള്‍ കുട്ടികളുടെ `സീറ്റ്‌'. ഒരേ നിറത്തിലുള്ള ഉടുപ്പുമണിഞ്ഞ്‌ ലോകം കീഴടക്കാന്‍പോകുന്ന ഭാവത്തില്‍ ബാറ്ററിപ്പെട്ടിയുടെ മേലെ ഞങ്ങളങ്ങിനെയിരിക്കും. ശരിക്കും പഠനയാത്രകള്‍തന്നെയായിരിക്കും അത്‌. അച്‌ഛന്‍െറ ഏതെങ്കിലും ശിഷ്യന്‍മാര്‍ മധുരയിലും ഊട്ടിയിലും ഗോവയിലുമൊക്കെയുണ്ടായിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പേതന്നെ ഈ സംഘം വരുന്നതായുള്ള കത്ത്‌ അച്‌ഛന്‍ അവര്‍ക്കയച്ചിരിക്കും. അതാത്‌ നഗരത്തില്‍ സംഘം എത്തുമ്പോള്‍ ഈ ശിഷ്യര്‍ അവിടെ കാത്തുനില്‍പ്പുണ്ടാകും. അവരാണ്‌ പിന്നെ വഴികാട്ടികള്‍. തങ്ങള്‍ക്കറിയാവുന്ന വിധത്തില്‍ കാഴ്‌ചകള്‍ അവര്‍ വിവരിച്ചുതരും. ആര്‍ട്‌സ്‌ കോളേജിന്‍െറ തുണിബാനര്‍ വലിച്ചുകെട്ടിയ ബസുകള്‍ ഇങ്ങനെ ഗോവയുടെയും മൈസൂരിന്‍െറയും മധുരയുടെയുമൊക്കെ വഴികളിലൂടെ എത്ര ഓടിയിരിക്കുന്നു! മടക്കത്തിലാണ്‌ പഠനയാത്ര ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പീഡനയാത്രയാവുന്നത്‌. യാത്രയില്‍ കണ്ട കാര്യങ്ങളെക്കുറിച്ച്‌ അച്‌ഛന്‍െറ ചോദ്യം വരും. അതിന്‌ കൃത്യമായി മറുപടി നല്‍കണം. തിരിച്ചെത്തിയാലുടനെ യാത്രാവിവരണം എഴുതുകയും വേണം. കാഴ്‌ചകള്‍ ആസ്വദിക്കുന്ന ബാലകൗതുകത്തിനപ്പുറം അത്‌ ഓര്‍ത്തുവയ്‌ക്കുകയും പകര്‍ത്തിവയ്‌ക്കുകയും ചെയ്യുന്ന ഗൗരവതരമായ കാര്യമാവുന്നത്‌ അപ്പോഴാണ്‌. അന്ന്‌ പീഢനമായി തോന്നിയിരുന്നെങ്കിലും ഈ പരിശീലനം പിന്നീടെനിക്ക്‌ ഏറെ ഗുണകരമായി. സന്ദര്‍ശിക്കുന്ന ഓരോ സ്‌ഥലത്തെയും സംബന്‌ധിച്ച്‌ കുറിപ്പുകള്‍ എടുത്തുവയ്‌ക്കുന്നത്‌ ശീലമായത്‌ അതിലൂടെയാണ്‌. അഞ്ചാം ക്ലാസ്‌ പഠനകാലംവരെ വര്‍ഷംതോറുമുള്ള `ആര്‍ട്‌സ്‌ കോളേജ്‌ യാത്ര' പതിവായിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സംസ്‌ഥാനാന്തര യാത്രകള്‍. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ആര്‍ട്‌സ്‌ കോളേജിനു മുന്നിലൂടെ മരങ്ങാട്ടുപിള്ളി സെന്‍റ്‌ തോമസ്‌ സ്‌കൂളിലേക്ക്‌ നടക്കുമ്പോള്‍ എന്നും പ്രതീക്ഷയോടെ ഞങ്ങള്‍ കുട്ടികള്‍ നോക്കും- ആ ബോര്‍ഡ്‌ ഉയര്‍ന്നിട്ടുണ്ടോ? ഗോവ, തിരുപ്പതി തുടങ്ങിയ സ്‌ഥലങ്ങളൊക്കെ ചുറ്റിയുള്ള ഒരു എട്ടുദിന യാത്രയായിരുന്നു ആര്‍ട്‌സ്‌ കോളേജ്‌ ടൂറുകളില്‍ അവസാനത്തേത്‌. അപ്പോഴേക്കും അച്‌ഛന്‍ ഒരു പ്രിന്‍റിംഗ്‌ പ്രസും മറ്റുമാരംഭിച്ച്‌ അതിന്‍െറ തിരക്കുകളിലേക്ക്‌ മാറിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്‌ധികളിലേക്കും വന്‍ കടബാധ്യതയിലേക്കും പുതിയ സംരംഭങ്ങള്‍ നീങ്ങിയതോടെ ഞങ്ങളുടെ യാത്രകള്‍ക്ക്‌ നീണ്ട ഒരു ഇടവേളയുണ്ടായി. പിന്നെ, യാത്രകളുടെ സുഖം അനുഭവിപ്പിച്ചത്‌ വൈദികനായ ഒരമ്മാവനാണ്‌. അമ്മയുടെ സഹോദരന്‍. ഫാ. മാത്യു മരങ്ങാട്ടുപിള്ളി. അദ്ദേഹമന്ന്‌ ബ്രസീലില്‍ മിഷനറി പ്രവര്‍ത്തകനാണ്‌. ബ്രസീലിലേക്കും മറ്റും പോകാന്‍ അധികം വൈദികര്‍ തയാറാകാത്ത കാലം. ഇദ്ദേഹം സാഹസികനാകയാല്‍ ബ്രസീല്‍തന്നെ തെരഞ്ഞെടുത്തു. അവിടെയാകട്ടെ അന്ന്‌ അച്ചന്‍മാര്‍ക്ക്‌ നല്ല സ്വീകരണമാണ്‌ ലഭിച്ചിരുന്നത്‌. പത്തോളം ഇടവകകളുടെ ചുമതലയാണ്‌ അമ്മാവനില്‍ വന്നുചേര്‍ന്നത്‌. ഓരോ ഞായറാഴ്‌ച്ചയും ഇടവിട്ട്‌ പള്ളികളില്‍ ആരാധനയര്‍പ്പിക്കാന്‍ അച്ചന്‍ എത്തണം. ബ്രസീലിന്‍െറ വിദൂരഗ്രാമങ്ങളിലെ പള്ളികളില്‍ അച്ചന്‍െറ വരവ്‌ ആഘോഷമായിരുന്നു. രണ്ടുമാസമൊക്കെ കൂടുമ്പോഴാണ്‌ അച്ചന്‍ ഓരോ പള്ളിയിലുമെത്തുക. അന്നവിടെ പെരുന്നാള്‍തന്നെയായിരുന്നു. പള്ളിയില്‍ തോരണം തൂക്കിയും സദ്യയൊരുക്കിയും വിശ്വാസികള്‍ അച്ചനെ സ്വീകരിച്ചുപോന്നു. ഈ അച്ചന്‍ നല്ല ഭാഷാസ്വാധീനമുള്ള ഒരെഴുത്തുകാരന്‍ കൂടിയായിരുന്നു. ഓരോ ഗ്രാമത്തിലെയും പള്ളിസന്ദര്‍ശനം കഴിഞ്ഞ്‌ തന്‍െറ താമസസ്‌ഥലത്ത്‌ തിരികെയെത്തുമ്പോള്‍ അന്നത്തെ യാത്രയെക്കുറിച്ച്‌ അദ്ദേഹം സരസമായി എഴുതി. വഴിയോരക്കാഴ്‌ച്ചകള്‍ മുതല്‍ പള്ളിയിലെത്തിയ ഗ്രാമീണരെ വരെ അദ്ദേഹം അക്ഷരങ്ങളിലൂടെ വരച്ചുവെച്ചു. രണ്ടാഴ്‌ച്ചയിലൊരിക്കല്‍ മരങ്ങാട്ടുപിള്ളിയിലെ ഞങ്ങളുടെ വീട്ടിലേക്ക്‌ ബ്രസീലില്‍നിന്നും അച്ചന്‍െറ കത്ത്‌ കൃത്യമായി എത്തിക്കൊണ്ടിരുന്നു. ഓരോ കത്തിലും കട്ടികുറഞ്ഞ മൂന്നുനാല്‌ ഷീറ്റുകളുണ്ടാവും. ഓരോ ഷീറ്റും ഓരോരുത്തരെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളതാണ്‌. ഒന്നാമത്തെ ഷീറ്റ്‌ കുടുംബനാഥനായ അച്‌ഛനുള്ളതാണ്‌. അതില്‍ ബിസിനസ്‌ കാര്യങ്ങളും പ്രസ്സ്‌ നടത്തിപ്പിനെ സംബന്‌ധിച്ചുള്ള ഉപദേശങ്ങളുമൊക്കെയാവും ഉള്ളടക്കം. രണ്ടാം ഷീറ്റ്‌ അമ്മയെ അഭിസംബോധന ചെയ്യുന്നതാണ്‌. വീട്ടുവിശേഷങ്ങളും കുടുംബത്തിലെ വിവാഹം, കൃഷി, രോഗം തുടങ്ങിയവയെപ്പറ്റിയുള്ള അന്വേഷണവുമൊക്കെയാവും അതില്‍. മൂന്നാമത്തെ ഷീറ്റ്‌ ഞങ്ങള്‍ കുട്ടികള്‍ക്കുള്ളതാണ്‌. അത്‌ സമഗ്രമായ യാത്രാ വിവരണംതന്നെയായിരുന്നു. ബ്രസീലിയന്‍ ഗ്രാമങ്ങളിലൂടെ പള്ളികളിലേക്കുള്ള യാത്രയും അവിടത്തെ ജനങ്ങളും പ്രകൃതിയുമൊക്കെ ആ വിവരണങ്ങളിലുണ്ടാവും. ബ്രസീലിലെ തന്‍െറ സാഹസങ്ങള്‍ തെല്ലൊരു ആലങ്കാരികതയോടെതന്നെയാണ്‌ അച്ചന്‍ എഴുതിയിരുന്നത്‌. അപൂര്‍വമായി ചില ചിത്രങ്ങളും അയച്ചുതന്നിരുന്നു. ഈ വിവരണങ്ങള്‍ അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥിയായ എന്നെ ആവേശഭരിതനാക്കിയിരുന്നു. എങ്ങിനെയെങ്കിലും ഒരു മിഷനറി പ്രവര്‍ത്തകനായി ബ്രസീല്‍പോലുള്ള നാടുകളിലൂടെ സഞ്ചരിക്കുകയെന്നതായിരുന്നു അക്കാലത്ത്‌ സ്വപ്‌നം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായപ്പോഴേക്കും യാത്രാവിവരണഗ്രന്‌ഥങ്ങളിലായി ആവേശം. എസ്‌.കെ. പൊറ്റെക്കാട്ടിന്‍െറയും മറ്റും ഏതാനും പുസ്‌തകങ്ങളേ അന്ന്‌ വായിക്കാന്‍ ലഭിച്ചിരുന്നുള്ളൂ. അത്‌ പലതവണ വായിച്ച്‌ മനോസഞ്ചാരം നടത്തുകയായിരുന്നു അന്നത്തെ പ്രധാനപരിപാടി. പത്താംക്ലാസിലും പ്രീഡിഗ്രിക്കുമൊക്കെ പഠിക്കുന്ന കാലത്ത്‌ യാത്രകള്‍ തീരെ അസാധ്യമായിരുന്നു. ലേബര്‍ ഇന്‍ഡ്യ എന്ന പ്രസ്‌ഥാനം വളര്‍ച്ചപ്രാപിച്ചുകൊണ്ടിരുന്ന കാലമാണത്‌. അവിടുത്തെ ജോലികളില്‍ സഹായിയായി കൂടിയതിനാല്‍ രാത്രിയില്‍ വീട്ടില്‍പോകാന്‍പോലും സാധ്യമല്ലായിരുന്നു. പഠനംകഴിഞ്ഞുവന്നാല്‍ പ്രസ്സില്‍ രാത്രി വൈകുവോളം ജോലി ചെയ്യുക അക്കാലത്ത്‌ ജീവിതചര്യയായി. പ്രീഡിഗ്രി വിദ്യാഭ്യാസകാലത്താണ്‌ ദൃശ്യമാധ്യമം ഹരമാവുന്നത്‌. ദൂരദര്‍ശനില്‍ ഒരു ടെലിഫിലിം അവതരിപ്പിക്കുക എന്നതായി അക്കാലത്തെ പ്രധാന ചിന്ത. ഉള്ളിലെ സഞ്ചാരി മൗനത്തിലാണ്ടിരുന്ന ചെറിയൊരു കാലമാണത്‌. ഹാസസാഹിത്യകാരനായിരുന്ന തോമസ്‌ പാലായെക്കൊണ്ട്‌ `ശാകുന്തളം' എന്ന ടെലിഫിലിം സ്‌ക്രിപ്‌റ്റ്‌ എഴുതിച്ച്‌ ദൂരദര്‍ശന്‍െറ വാതില്‍പ്പുറത്ത്‌ അക്കാലത്ത്‌ കുറേ അലഞ്ഞു. മീശമുളയ്‌ക്കാത്ത പയ്യന്‍െറ തിരക്കഥ വായിക്കാന്‍ ആര്‍ക്കാണു നേരം! ഡിഗ്രിക്കും പോസ്‌റ്റ്‌ ഗ്രാജ്വേഷനുമൊക്കെ പഠിക്കുമ്പോഴും ടെലിവിഷനായിരുന്നു ഉള്ളില്‍. പി.ജി. പഠനകാലത്ത്‌ മദ്രാസിലെ മികച്ച സ്‌റ്റുഡിയോകളില്‍ പരിശീലനത്തിനും തെന്നിന്ത്യന്‍ സിനിമയിലെ പ്രതിഭാധനരായ ബി. ലെനിന്‍, എസ്‌.പി മുത്തുരാമന്‍ തുടങ്ങിയ സാങ്കേതികപ്രവര്‍ത്തകരുമായി ഇടപെടാനും ലഭിച്ച അവസരം ഏറെ ഗുണകരമായി. സാങ്കേതികവിദ്യകള്‍ അടുത്തുപരിചയപ്പെടുന്നതിനായി സ്വന്തമായി `സമയം' എന്നൊരു ടെലിഫിലിം നര്‍മ്മിച്ചു. പ്രശസ്‌ത സംവിധായകനായ ശിവപ്രസാദാണ്‌ അത്‌ ഒരുക്കിയത്‌. നല്ലൊരു വര്‍ക്കായിരുന്നെങ്കിലും മുടക്കുമുതല്‍ തിരിച്ചുകിട്ടിയില്ല. ടെലിവിഷന്‍രംഗത്ത്‌ കരുതലോടെ നീങ്ങിയില്ലെങ്കില്‍ കൈപൊള്ളുമെന്ന പാഠവും അങ്ങനെ പഠിച്ചു. ഇക്കാലത്ത്‌ നല്ലൊരു ഡോക്യുമെന്‍ററി ഒരുക്കണമെന്ന അതിയായ ആഗ്രഹമുദിച്ചു. ഡോക്യുമെന്‍ററി നിര്‍മ്മിക്കാന്‍ പണം വേണം. `സമയ'ത്തിനു മുടക്കിയ പണം പൂര്‍ണമായി തിരിച്ചുകിട്ടിയിട്ടില്ല. ഇനിയെന്താണ്‌ മാര്‍ഗ്ഗം? ഒടുവില്‍ പണം സമ്പാദിക്കാന്‍ ഒരു വഴി കണ്ടെത്തി. കോട്ടയത്തെ പല പ്രമുഖ കോളജുകളുടെയും മാഗസിന്‍ അച്ചടടിയുടെ കരാര്‍ ഏറ്റെടുത്തു. കലാലയ സാഹിത്യവും ചുമന്ന്‌ ശിവകാശിയിലേക്ക്‌ യാത്ര പതിവാക്കി. ഈ കച്ചവടത്തില്‍നിന്ന്‌ പ്രതീക്ഷിച്ചതിലും ലാഭമുണ്ടായി. ആ പണമുപയോഗിച്ച്‌ ഒരു ഡോക്യുമെന്‍ററി സ്വന്തമായി നിര്‍മ്മിച്ച്‌ സംവിധാനം ചെയ്‌തു. വാഗമണ്‍ കുരിശുമല ആശ്രമത്തിലെ ആചാര്യയെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി ആത്‌മസംതൃപ്‌തി നല്‍കിയ ഒരു വര്‍ക്കായിരുന്നു. പിന്നീടാണ്‌ ഏറെ പ്രശംസ കിട്ടിയ `കൃഷ്‌ണഗാഥ' എന്ന ടെലിഫിലിം സംവിധാനം ചെയ്‌തത്‌. അതോടെ ടെലിവിഷന്‍ പരിപാടി തയാറാക്കുന്നതില്‍ ആത്‌മവിശ്വാസമായി. തുടര്‍ന്ന്‌ തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി `മാലുവിന്‍െറ ലോകം', `ചിത്തിരപുരത്തെ വിശേഷങ്ങള്‍', `കേരള വിശേഷം' എന്നിങ്ങനെ കുറേ സീരിയലുകള്‍ തയാറാക്കി. അപ്പോഴേക്കും മലയാളത്തില്‍ സീരിയലുകളുടെ മലവെള്ളപ്പാച്ചില്‍ തുടങ്ങി. എവിടെയും ടെലിഫിലിം സീരിയല്‍ നിര്‍മ്മാണം. ധാരാളം സംവിധായകര്‍. ചാനലുകളിലൊക്കെ സീരിയലുകളുടെ പ്രൊപ്പോസല്‍ കുമിഞ്ഞുകൂടുന്നു. അതോടെ ടെലിഫിലിം, സീരിയല്‍ രംഗത്തുനിന്നും പിന്‍മാറാന്‍ തീരുമാനിച്ചു. സ്വന്തം വ്യക്‌തിത്വം നിലനിര്‍ത്തുന്ന, മലയാളി എന്നും ഓര്‍ത്തിരിക്കുന്ന ഒരു പരിപാടി തയാറാക്കണം. മാധ്യമ ചരിത്രത്തില്‍ ഇടംനേടുന്ന ഒരു പരിപാടിയായിരിക്കണം അത്‌. ഈ സമയത്താണ്‌ എന്നില്‍ ഉറങ്ങിക്കിടന്ന സഞ്ചാരി ഉണരുന്നത്‌. യാത്രകള്‍ക്കുവേണ്ടിയുള്ള അതിയായ ആഗ്രഹം. അതങ്ങിനെ ഉള്ളില്‍ ഓളംവെട്ടിക്കൊണ്ടിരുന്നു. കന്യാകുമാരി മുതല്‍ കാശ്‌മീര്‍വരെ യാത്ര ചെയ്‌ത്‌ ഒരു ടെലിവിഷന്‍ യാത്രാവിവരണ പരിപാടി തയാറാക്കാന്‍ ആലോചനയുണ്ടായത്‌ അക്കാലത്താണ്‌. വ്യക്‌തമായ രൂപരേഖകളോടെ `യാത്ര' എന്നൊരു പ്രൊപ്പോസല്‍ തിരുവനന്തപുരം ദൂരദര്‍ശനില്‍ സമര്‍പ്പിച്ചു. മറുപടിക്കായുള്ള കാത്തിരിപ്പായി പിന്നെ. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. ഇന്നും ആ മറുപടി ലഭിച്ചിട്ടില്ല! ചാനലുകളില്‍നിന്ന്‌ മുന്‍കൂര്‍ അനുമതി ലഭിച്ചില്ലെങ്കിലും യാത്രാവിവരണപരമ്പര തയാറാക്കാന്‍തന്നെ ഉറപ്പിച്ചു. ജോലിചെയ്‌തുണ്ടാക്കുന്ന വരുമാനത്തിലെ ഒരു ഭാഗം യാത്രകള്‍ക്ക്‌ മാറ്റിവയ്‌ക്കാമെന്നുറച്ചു. ആയിടയ്‌ക്കാണ്‌ കോഴിക്കോട്ടുള്ള വിവേകാനന്ദാ ട്രാവല്‍സിന്‍െറ ഒരു പരസ്യം ഒരു പത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. അവര്‍ നേപ്പാള്‍യാത്രയ്‌ക്കുള്ള സൗകര്യമൊരുക്കുന്നു. യാത്രാച്ചെലവ്‌ 6,500 രൂപ. ഉടനെ വിവേകാനന്ദാ ട്രാവല്‍സുമായി ബന്‌ധപ്പെട്ടു. വിവേകാനന്ദയുടെ എം.ഡി. ശ്രീ. നരേന്ദ്രന്‍ ദയാലുവായി. യാത്രയ്‌ക്കുള്ള സൗകര്യമെല്ലാം ഒരുക്കിത്തന്നത്‌ വിവേകാനന്ദാ ട്രാവല്‍സാണ്‌. യാത്രയുടെ വിശദാംശങ്ങള്‍ പറഞ്ഞുതന്നതോടൊപ്പം ഹോട്ടല്‍മുറികള്‍വരെ അവര്‍ ബുക്കുചെയ്‌തു തന്നു. അങ്ങനെ, 1997 ഒക്‌ടോബര്‍ 24 ന്റെ ഉച്ചയ്‌ക്ക്‌ കൊച്ചിയില്‍നിന്നും ഗോരഖ്‌പൂരിലേക്കുള്ള ട്രെയിനില്‍ കയറുമ്പോള്‍ എന്‍െറ വിദേശയാത്രകളുടെ ചരിത്രം തുടങ്ങുന്നു. അതിര്‍ത്തിഗ്രാമമായ സുനോലിയില്‍നിന്നും നടന്നാണ്‌ നേപ്പാളിന്‍െറ അതിര്‍ത്തി കടന്നത്‌. പിന്നീട്‌ എത്രയെത്ര യാത്രകള്‍! ആദ്യമാദ്യം മാല്‍ദീവ്‌സ്‌ പോലുള്ള അയല്‍ രാജ്യങ്ങളിലായിരുന്നു സഞ്ചാരം. ഓരോ യാത്രയും ആവേശം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. സപ്‌തഭൂഖണ്‌ഡങ്ങളായ ഏഷ്യ, ആഫ്രിക്ക, നോര്‍ത്ത്‌ അമേരിക്ക, സൗത്ത്‌ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്‌, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിച്ചുകഴിഞ്ഞു. 73 രാജ്യങ്ങളും അന്റാര്‍ട്ടിക്കയും ഇപ്പോള്‍ പിന്നിട്ടിരിക്കുന്നു. വിദേശയാത്രകള്‍ തുടങ്ങി നാലുവര്‍ഷം കഴിഞ്ഞാണ്‌ `സഞ്ചാരം' ഏഷ്യാനെറ്റില്‍ സംപ്രേഷണം തുടങ്ങിയത്‌. രാപകലില്ലാതെ ജോലി ചെയ്‌തുതന്നെയാണ്‌ ഓരോ യാത്രയ്‌ക്കുമുള്ള പണം കണ്ടെത്തിയത്‌. സഞ്ചാരം തുടരുന്നതും അതുകൊണ്ടുതന്നെ. സഞ്ചരിച്ച നാടുകള്‍ അതേപടി ടെലിവിഷനിലൂടെ മലയാളികളെ കാണിക്കാനായി. തിരിഞ്ഞുനോക്കുമ്പോള്‍ ഏറ്റവും ചാരിതാര്‍ത്ഥ്യം അക്കാര്യത്തിലാണ്‌. ലോകം കാണുമ്പോള്‍ മനുഷ്യരുടെ കാഴ്‌ച്ചപ്പാടിലും വികാസമുണ്ടാവുന്നു. മലയാളിയുടെ ബോധമണ്‌ഡലത്തെ ചെറുതായെങ്കിലും തൊട്ടുണര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സഞ്ചാരം സാര്‍ഥകമായി.

സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര
Director & Producer of the serial"SANCHARAM" in Asianet News Channel

~~~~Sreenath Vanmelil

No comments:

Post a Comment