Thursday, July 7, 2011

മൊബൈല്‍ ലോട്ടറി തട്ടിപ്പ്:

മൊബൈല്‍ ലോട്ടറി തട്ടിപ്പ്: മലയാളിക്ക്

നഷ്ടമായത് 5,000 ദിര്‍ഹവും ജോലിയും


ദുബൈ: മരുഭൂമിയിലെ കഷ്ടപ്പാടുകള്‍ക്ക് അറുതിയാവുമെന്ന വ്യാമോഹം കൊണ്ടായിരിക്കണം, ലക്ഷങ്ങളുടെ സമ്മാന വാഗ്ദാനവുമായി മൊബൈല്‍ ഫോണ്‍ വിളിയെത്തിയപ്പോള്‍ സക്കീര്‍ മറ്റൊന്നും ചിന്തിക്കാതിരുന്നത്. രണ്ട് ലക്ഷം ദിര്‍ഹം ലോട്ടറിയടിച്ചതായി അറിയിച്ചുകൊണ്ടെത്തിയ ഫോണ്‍ കോള്‍ വിശ്വസിച്ചത് കാരണം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശിയായ സക്കീറിന് നഷ്ടമായത് സ്വന്തം തൊഴിലും അയ്യായിരം ദിര്‍ഹവും മാനവുമാണ്. കാലങ്ങള്‍ക്കു ശേഷം തങ്ങളുടെ ചൂണ്ടയില്‍ 'ലക്ഷണമൊത്ത' ഇരയെ കിട്ടിയ സന്തോഷത്തില്‍ തട്ടിപ്പ് സംഘം ഇന്നലെയും സക്കീറിനെ വിളിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് ലക്ഷം ദിര്‍ഹം താങ്കളുടെ കൈയകലത്തിലാണെന്നും അത് കളഞ്ഞുകുളിക്കരുതെന്നുമുള്ള മുന്നറിയിപ്പുമായി.

ഒന്നര വര്‍ഷമായി ജബല്‍ അലിയിലെ പ്രമുഖ ഗ്രൂപിന് കീഴിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് സക്കീര്‍. ഇതിനിടെ കഴിഞ്ഞയാഴ്ചയാണ് വന്‍ തുകയുടെ സമ്മാന വാഗ്ദാനവുമായി മൊബൈല്‍ ഫോണില്‍ വിളിയെത്തിയത്. പിന്നെയെല്ലാം പതിവ് മുറകള്‍. വിളിച്ചയാള്‍ പറഞ്ഞ, തന്റെ മൊബൈല്‍ സിം കാര്‍ഡിന് പിന്നിലെ അക്ഷരങ്ങളെല്ലാം കിറുകൃത്യം. സക്കീറിന് വാഗ്ദാനം വിശ്വസിക്കാന്‍ ഇത് ധാരാളമായിരുന്നു. സമ്മാനത്തുക റെഡിയാണെന്നും പ്രൊസസിങ് ഫീസായി 400 ദിര്‍ഹം നല്‍കണമെന്നും ഫോണ്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടു. പണം ഡുവിന്റെ റീചാര്‍ജ് കൂപ്പണുകള്‍ വഴി നല്‍കിയാല്‍ മതിയെന്നായിരുന്നു ആവശ്യം. ഇത് നല്‍കിയപ്പോള്‍ സമ്മാനത്തുക തയാറായിട്ടുണ്ടെന്നും 3,000 ദിര്‍ഹവുമായി ദുബൈ ഇസ്‌ലാമിക് ബാങ്കില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മറ്റുമായി പണം സ്വരൂപിച്ച് ബാങ്കിലേക്ക് പോകാനൊരുങ്ങിയപ്പോള്‍, നേരിട്ട് വരണമെന്നില്ലെന്നും 3,000 ദിര്‍ഹത്തിന്റെ റീചാര്‍ജ് കൂപ്പണുകള്‍ കൂടി അയച്ചാല്‍ മതിയെന്നും അറിയിച്ച് അടുത്ത ഫോണ്‍ വിളിയെത്തി. ഈ തുകയും പിന്നീട് ഒന്നിലേറെ തവണ പല കാരണങ്ങള്‍ പറഞ്ഞും സംഘം സക്കീറില്‍ നിന്ന് പണം തട്ടി. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന സക്കീറിന് മൊത്തം 5,000 ദിര്‍ഹമാണ് നഷ്ടമായത്.

പണവും മാനവും നഷ്ടമായതിന് പുറമെ, സംഭവത്തിന്റെ ആന്റി ക്ലൈമാക്‌സാണ് സക്കീറിനെ ഏറെ വേദനിപ്പിച്ചത്. തട്ടിപ്പ് സംഘത്തിന് പണമയച്ച ദിവസം രാത്രി മുഴുവന്‍ സമ്മാനത്തുകയും ലഭിക്കുമെന്ന് ഉറപ്പു ലഭിച്ച ധൈര്യത്തിലാണ് സക്കീര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 3000 ദിര്‍ഹവും രണ്ടായിരത്തോളം ദിര്‍ഹത്തിന്റെ റീ ചാര്‍ജ് കൂപ്പണും വാങ്ങിയത്.

സമ്മാനത്തുക ലഭിക്കാതായതോടെ സൂപ്പര്‍മാര്‍ക്കറ്റിലെ പണം തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന വിവരം സക്കീര്‍ തിരിച്ചറിയുന്നത്. പണം തിരിച്ചടച്ച ശേഷം മാത്രം ജോലിയില്‍ തിരിച്ചുകയറിയാല്‍ മതിയെന്നു പറഞ്ഞ് കമ്പനി അധികൃതര്‍ സക്കീറിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഏതാനും ദിവസം ജോലിയില്ലാതെ മുറിയില്‍ കഴിഞ്ഞ ശേഷം ഇന്നലെ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ഗോഡൗണില്‍ വീണ്ടും തൊഴില്‍ നല്‍കാന്‍ ഉടമകള്‍ തയാറായ ആശ്വാസത്തിലാണ് സക്കീറിപ്പോള്‍. ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കില്‍ തന്റെ പണവും ജോലിയും മാനവും നഷ്ടമാകില്ലായിരുന്നുവെന്ന് സക്കീര്‍ വേദനയോടെ പറയുന്നു. ഇനിയാരും ഇതില്‍ കുടുങ്ങരുതെന്ന ആഗ്രഹവുമായി സക്കീറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വായനക്കാര്‍ക്ക് പോലും അരോചകമായിത്തുടങ്ങിയ മൊബൈല്‍ തട്ടിപ്പ് വാര്‍ത്തകള്‍ അത്രയേറെ തവണയാണ് 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ടുചെയ്തത്. മറ്റ് ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളും ഈ വാര്‍ത്തക്ക് ഒന്നിലേറെ തവണ ഇടം നല്‍കിയിട്ടുണ്ട്. എന്നിട്ടും മലയാളികളടക്കമുള്ള നിരവധി പേര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കുകയാണ്


~~~~~Sreenath Vanmelil

No comments:

Post a Comment