Tuesday, July 19, 2011

കീശ ചോര്‍ത്തുന്ന വന്‍കിട ഐ.പി.ഒകള്‍

പേരും പ്രശസ്തിയും ശക്തമായ സാമ്പത്തിക ഭദ്രതയുമുള്ള കമ്പനികള്‍ ഐ.പി.ഒ പുറത്തിറക്കുമ്പോള്‍ വാങ്ങാന്‍ തിക്കും തിരക്കും കൂട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ.. മിന്നുന്നതെല്ലാം പൊന്നല്ല.


കൃത്യമായ പഠനം നടത്താതെ കൂടിയ വിലക്ക് ഓഹരികള്‍ വാങ്ങികൂട്ടിയാല്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമെല്ലാം എന്നെന്നേക്കുമായി നഷ്ടമാവും. ഐ.പി.ഒകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?


ഐ.പി.ഒയുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന പ്രോസ്‌പെക്ടസ് ഒന്നോടിച്ചുനോക്കിയാല്‍ പോര. അതില്‍ പറയുന്ന കണക്കുകള്‍ വിലയിരുത്തണം. കാരണം ഐ.പി.ഒ ആയതുകൊണ്ടു തന്നെ യാതൊരു മുന്‍ ഡാറ്റകളും നമ്മുടെ കൈവശമില്ല.


ഒട്ടുമിക്ക കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഐ.പി.ഒകളിലൂടെയാണ് പണം സ്വരൂപിക്കുന്നത്. വിപണി കുത്തനെ കുതിച്ചുയരുമ്പോള്‍ കടന്നു വരുന്നതിനാല്‍ തുടക്കത്തില്‍ നേട്ടമുണ്ടെന്നു തോന്നിപ്പിക്കാന്‍ ഈ കമ്പനികള്‍ക്കു സാധിക്കുന്നു. എന്നാല്‍ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ഏത് വന്‍കിട ഐ.പി.ഒകള്‍ക്കും പിറകെ വിപണി തിരുത്തലിനെ നേരിട്ടുണ്ട്. ചെറുകിട നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയാണ് ഇത്തരത്തില്‍ കുടുങ്ങികിടക്കുകയോ അല്ലെങ്കില്‍ നഷ്ടപ്പെടുകയോ ചെയ്തിട്ടുള്ളത്.


അധിക വിലയ്ക്കു വിപണിയിലെത്തുന്ന ഓഹരികള്‍ തുടക്കത്തിലേ ഇടിഞ്ഞുതാഴെ വീഴാതിരിക്കുന്നത് ലോക്ക് അപ് എഗ്രിമെന്റ് ഉള്ളതിനാലാണ്. പബ്ലിക് ആവുന്നതിനു മുമ്പ് കമ്പനി ഓഹരികള്‍ കൈവശമുള്ളവര്‍ അതു വില്‍ക്കാതിരിക്കാന്‍ 90 മുതല്‍ 180 ദിവസം വരെ അനുമതിയുണ്ടാവില്ല. എന്നാല്‍ ഈ ദിവസം കഴിയുന്നതോട് ലോക്ക് അപ് എഗ്രിമെന്റുള്ളവര്‍ വില്‍പ്പനക്കാരായെത്തുന്നതോടെ വില താഴേക്കു പോരും.


ചുരുക്കത്തില്‍ കമ്പനി എന്ത് ബിസിനസ്സാണ് ചെയ്യുന്നത്? ആരാണ് കമ്പനിയെ നിയന്ത്രിക്കുന്നത്? എന്തിനുവേണ്ടിയാണ് പണം സമ്പാദിക്കുന്നത്? എവിടെയെല്ലാമാണ് കമ്പനി നിക്ഷേപിക്കാനൊരുങ്ങുന്നത്? എത്രകാലത്തിനുള്ളില്‍ ഈ നിക്ഷേപത്തില്‍ നിന്നും തിരിച്ചുവരവുണ്ടാകും? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം ലഭിക്കുന്നുണ്ടെങ്കില്‍ മാത്രം വന്‍കിട ഐ.പി.ഒകള്‍ നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കുക. 

http://thatsmalayalam.oneindia.in/news/2011/07/19/business-ipos-can-be-trap-carefull-before-investing-aid0178.html 

oneindia.com
~~~~~Sreenath Vanmelil

No comments:

Post a Comment