Tuesday, July 26, 2011

ദുരിതത്തിന്റെ 'മണി'മുഴക്കം

Shahid Khan sk_mikkanchi@yahoo.co.uk via yahoogroups.com to Keralites 


മണിയെ ഓര്‍മയില്ലേ...? സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചുരം കയറ്റി വയനാട്ടിലേക്കു കൊണ്ടുവന്ന ബാലതാരം. പലരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണിയെ അന്വേഷിച്ചു ചുരം കയറി. നാളുകള്‍ കഴിഞ്ഞു. മണി പതുക്കെ കാഴ്ചയുടെ സ്‌ക്രീനില്‍നിന്നു മറഞ്ഞു. ഇപ്പോള്‍ അന്വേഷിച്ചിറങ്ങിയാല്‍ മണിയെക്കാണാം... പ്രാരാബ്ധങ്ങളുടെ, ഇല്ലായ്മകളുടെ നടുവില്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന താരമായി.

അബു സലീമെന്ന നടനിലൂടെയാണു വയനാടിന്റെ സാന്നിധ്യം സിനിമയിലൂടെ മലയാളി അറിഞ്ഞിരുന്നത്‌. മലയാളത്തിലും അന്യഭാഷകളിലും അഭിനയിച്ചു പ്രതിഭ ഫലിപ്പിച്ച അബുസലിം രംഗത്തെത്തി എത്രയോ കഴിഞ്ഞാണു ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മണി രംഗത്തെത്തുന്നത്‌. ആ രംഗപ്രവേശം എത്തിനിന്നതു സംസ്‌ഥാന പുരസ്‌കാരലബ്‌ധിയിലും. സുല്‍ത്താന്‍ ബത്തേരിക്കടുത്തെ ചെതലയത്തെ താത്തൂര്‍ കോളനിയിലെ മണിയെന്ന ആദിവാസി ബാലന്‍ അങ്ങനെ മലയാള സിനിമയില്‍ ഒരു ചരിത്രം കുറിക്കുകയായിരുന്നു.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണു മണിക്കു സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചത്‌. പ്രേക്ഷകരെപ്പോലും അദ്‌ഭുതപ്പെടുത്തുന്ന രീതിയില്‍ കഥാപാത്രവുമായി മണി ഈ ചിത്രത്തില്‍ ഇഴുകിചേര്‍ന്നിരുന്നു. 'ചെല്ലം പാടി നടക്കണ പുല്‍ചാടി' എന്ന ഗാനത്തിലെ വരികളെക്കാള്‍ പ്രേക്ഷകശ്രദ്ധ നേടിയതു പുല്‍ചാടിയെപ്പോലെ കാട്ടിലൂടെ ചാടി നടന്ന മണിയാണ്‌. നായകനായ ഫോട്ടോഗ്രാഫര്‍ക്കു കാടിനുള്ളിലെ വഴികാട്ടിയായ മണി അഭിനയിച്ചു തകര്‍ത്തെങ്കിലും, തന്റെ ജീവിതത്തില്‍ അങ്ങനെയൊരു വഴികാട്ടിയെ മണിക്കു ലഭിച്ചില്ല.

തന്റെ കഴിവിന്‌ അംഗീകാരം ലഭിച്ചപ്പോള്‍ മണി വയനാട്ടുകാര്‍ക്കൊക്കെ ഹീറോയായിരുന്നു. എന്നാല്‍ ഇന്നു സ്‌ഥിതി മറിച്ചാണ്‌. ഒമ്പതാം ക്ലാസ്‌ വരെ പഠിച്ച്‌ മണി പഠനം നിര്‍ത്തി. തുടര്‍ പഠനത്തിന്‌ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ചുറ്റുപാടുകള്‍ അതിനു മണിയെ അനുവദിക്കുന്നില്ല. ക്യാമറ കാണുമ്പോള്‍ കൂടുതല്‍ അസ്വസ്‌ഥനാവുകയാണു മണി. അവാര്‍ഡ്‌ ഫലകം വയ്‌ക്കാന്‍ മറ്റുള്ളവര്‍ പുതിയ ഷോക്കേസുകള്‍തന്നെ പണിയുമ്പോള്‍, അവാര്‍ഡിന്‌ ഒരു മരക്കഷ്‌ണത്തിനേക്കാള്‍ കൂടുതല്‍ വിലയൊന്നും മണിയും കോളനിനിവാസികളും കല്‍പ്പിക്കുന്നില്ല. കോളനിക്കാര്‍ക്ക്‌ ഇപ്പോള്‍ ജീവിതത്തിനോടുതന്നെ പുച്‌ഛമാണ്‌. പിന്നെ മണിയൃടെ അവാര്‍ഡിനോടു പ്രാധാന്യം കാണില്ലല്ലോ. വൈത്തിരി റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ പഠിച്ചു കൊണ്ടിരിക്കയാണു മണി പഠനം നിര്‍ത്തിയത്‌. നമ്മുടെ ഭരണകൂടങ്ങള്‍ക്ക്‌ വാഗ്‌ദാനങ്ങള്‍ മാത്രമാണു വാരിക്കോരി നല്‍കാന്‍ അറിയൂവെന്നു മണിക്കും ഈ ചെറുപ്രായത്തില്‍തന്നെ മനസിലാക്കാന്‍ കഴിഞ്ഞു. അവാര്‍ഡ്‌ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയെന്ന പോലെയാണു അധികാരികള്‍ മണിക്കു വീട്‌ നിര്‍മിച്ചു നല്‍കുമെന്ന്‌ പ്രഖ്യാപിച്ചത്‌. ഇന്നു വരെ അതു യാഥാര്‍ഥ്യമായില്ല.

മണിയുടെ വീടിന്‌ അനുവദിച്ച വൈദ്യുതി കണക്ഷന്‍ വീടില്ലാത്തതിനാല്‍ അമ്മയുടെ വീടിനു നല്‍കിയിരുന്നു. എന്നാല്‍ പണമടക്കാത്തതിനാല്‍ ഇപ്പോള്‍ കണക്ഷന്‍ വിചേ്‌ഛദിച്ചിരിക്കുകയാണ്‌. മണിയിലൂടെ തങ്ങളുടെ കോളനിക്ക്‌ ഒരു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു കോളനി നിവാസികള്‍. എന്നാല്‍ തങ്ങളെ പോലെ തന്നെയാണു മണിയുടെയും അവസ്‌ഥയെന്ന്‌ അവര്‍ക്കു വൈകാതെ മനസിലായി. നിത്യവൃത്തിക്കായി കഷ്‌ടപ്പെടുന്ന കോളനിയിലെ ഒരംഗം എന്നതില്‍നിന്ന്‌ കൂടുതലൊന്നും ഇവര്‍ ഇപ്പോള്‍ മണിയില്‍ കാണുന്നില്ല.

മണിയെപ്പോലെ തന്നെയാണു കോളനിയിലെ മറ്റു പതിനഞ്ചോളം കുട്ടികളും. ആരും സ്‌കൂളില്‍ പോകുന്നില്ല. രാവിലെ മുതല്‍ കാട്ടിലൂടെ അലഞ്ഞു നടക്കും. കൂടുതല്‍ സമയം ഇവര്‍ ചിലവഴിക്കുന്നതു ചീട്ടുകളിക്കായാണ്‌. അതും വെറും ചീട്ടുകളിയില്ല. ബീഡിക്കു വേണ്ടി പന്തയം വച്ചുള്ള ചീട്ടുകളി. ഒന്നില്‍ കൂടുതല്‍ ബീഡി ചീട്ടു കളിച്ചു നേടുകയെന്ന ചിന്ത മാത്രമാണു മണിക്കും, കൂട്ടുകാര്‍ക്കുമിപ്പോള്‍. സ്‌കൂളില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കിലും തൊട്ടടുത്ത സ്‌കൂളിലെത്തണമെങ്കില്‍ മണിക്കും സുഹൃത്തുക്കള്‍ക്കും നാലു കിലോമീറ്ററോളം നടക്കണം. നടക്കാമെന്നു കരുതിയാലും രക്ഷയില്ല. എന്തെങ്കിലും ഭക്ഷണം കഴിക്കാതെ എങ്ങനെയാണു രാവിലെ സ്‌കൂളില്‍ പോകുന്നത്‌.

ഒരു നേരത്തെ ഭക്ഷണത്തിനുതന്നെ നന്നെ ബുദ്ധിമുട്ടുകയാണു കോളനി നിവാസികള്‍ ഒന്നടങ്കം. ആ അവസ്‌ഥയില്‍ ഇവര്‍ക്കു സ്‌കൂള്‍ എന്നതിനു പ്രധാന്യമൊന്നുമില്ല. കോളനിയില്‍ ആകെയുള്ള ഏഴു വീടുകളില്‍ അമ്പതിനു മുകളില്‍ ആളുകളാണു താമസിക്കുന്നത്‌. കോളനിയുടെ അവസ്‌ഥ ഇവരുടെ ഓരോരുത്തരുടെയും മുഖത്തു തെളിഞ്ഞു കാണാം. അത്രത്തോളം ബുദ്ധിമുട്ടിലാണു ഇവര്‍ ഇവിടെ കഴിയുന്നത്‌. സ്വന്തമായി വീടില്ലാത്തതിനാല്‍ മണി ബന്ധു വീട്ടിലാണു താമസിക്കുന്നത്‌. തന്റെ അഭിനയ മികവിന്‌ ഒരു വീടെങ്കിലും അധികൃതരില്‍നിന്ന്‌ ലഭിക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണു മണി ഇന്നും. കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ വീടെന്ന വാഗ്‌ദാനം പുതിയ സര്‍ക്കാരില്‍നിന്നു യാഥാര്‍ഥ്യമാകുമെന്ന വിശ്വാസമാണു മണിക്കിന്നും.

~~~~~Sreenath Vanmelil

No comments:

Post a Comment